Tuesday, April 2, 2019

അഗ്രസേൻകി_ബാവോലിയിലേക്ക്..Agrasen ki baoli

Delhi_Diaries

അഗ്രസേൻകി_ബാവോലി
Agrasen_Ki_Baoli

ഇന്ത്യയുടെ ഹൃദയമാണ് ഡൽഹി .ഡൽഹിയുടെ ഹൃദയം കൊണാട്ട് പ്ലേസും.ഒരു യൂറോപ്യൻ നഗരത്തിൽ എത്തിയ പ്രതീതിയാണ് കോണാട്ട് പ്ലേസിലൂടെ നടക്കുമ്പോൾ നമുക്കുണ്ടാകുന്നത്.മാനംമുട്ടെ ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളും ചീറിപ്പായുന്ന ആഡംബര വാഹനങ്ങളും വൃത്തിയാർന്ന തെരുവോരങ്ങളും അതിനെ സാധൂകരിക്കുന്നു.

ഈ ആധുനികതക്ക്  തൊട്ടുപിറകിലാണ് പഴമയുടെ ചരിത്രം വിളിച്ചോതുന്ന അഗ്രസേൻ കി ബാവോലി  എന്ന ചരിത്ര നിർമ്മിതി സ്ഥിതിചെയ്യുന്നത്.

ഡൽഹിയുടെ പുരാതന തെരുവുകൾക്കുള്ളിൽ മറഞ്ഞുകിടക്കുന്ന അനവധി ചരിത്രസ്മാരകങ്ങൾ ഒന്നാണിത്... ഇവിടെയെത്തിപ്പെടാൻ കുറച്ച് പ്രയാസപ്പെടേണ്ടി വന്നു. ഒരുപാടുപേരുടെ ചോദിച്ചെങ്കിലും അവർക്കൊന്നും ഇങ്ങനെയൊരു സ്ഥലം ഇവിടെയുള്ളതായി പോലുമറിയില്ല. അവസാനം ഒരാൾ പറഞ്ഞു ഹെയ്ലി റോഡിലൂടെ കുറച്ചു നടന്നാൽ മതിയെന്ന്... ഗൂഗിൾ മാപ്പ് ഓണാക്കി അതും നോക്കി നടന്നാണ് അവിടെയെത്തിയത്....

 പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന മറ്റു സ്മാരക നിർമിതികളിൽ നിന്ന് വ്യത്യസ്തമായി അധികം പ്രശസ്തിയാർജ്ജിച്ചിട്ടില്ലാത്ത, എന്നാൽ അനുദിനം ജന ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒന്നുകൂടിയാണ് ഇത്.
രംഗ് ദേ ബസന്തി, പി.കെ., സുല്‍ത്താന്‍ തുടങ്ങിയ ബോളിവുഡ് സിനിമകളുടെ ലൊക്കേഷനായതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.



ഇവിടേക്ക് നടന്നു വരുമ്പോൾ വഴിയരികിലെ ചുവരുകൾ ഫൈൻ ആർട്ട്സ് വിദ്യാർഥികളുടെ കലാവിരുതുകളാൽ നിറഞ്ഞിരിക്കുന്നത് കാണാം.....
ബാവോലിയിലേക്കുള്ള പ്രവേശന കവാടം കടക്കുമ്പോൾ നമ്മെ സ്വാഗതം ചെയ്യാനായി നൂറുകണക്കിന് പ്രാവുകളും ഉണ്ടവിടെ ...

ബാവോലി എന്നാൽ പടികളുള്ള കിണർ എന്നാണർത്ഥം. മഹാഭാരത കാലഘട്ടത്തിൽ ഒരു ജലസംഭരണിയായികൊണ്ടാണ് ഇത് നിർമ്മിക്കപ്പെട്ടത്.നിർമാതാവ് ആരാണെന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ടെങ്കിലും രാജാ അഗ്രസേനന്റെ പേരിലേക്ക് ചേർർത്തികൊണ്ടാണ് നിലവിൽ  അഗ്രസേൻ കി ബാവോലി എന്ന പേരിൽ അറിയപ്പെടുന്നത്... പതിനാലാം നൂറ്റാണ്ടിൽ അഗർവാൾ വംശത്തിലെ നത്തൽ സാഹു എന്ന ധനാഢ്യനാണ് ഇന്നു കാണുന്ന രീതിയിലേക്ക് ഇത് പുതുക്കിപ്പണി തത് എന്ന് പറയപ്പെടുന്നു

ലോധി,തുഗ്ലക്ക് കാലഘട്ടത്തിലെ വാസ്തുവിദ്യകളുടെ മനോഹരാവിഷ്ക്കാരമാണ് ചെങ്കല്ലുകളാൽ തീർത്ത ഈ  നിർമിതിയിൽ നമുക്ക്  ദർശിക്കാനാവുക... 104 പടികളുള്ള ഈ കിണറിന് 60 മീറ്റർ ഉയരവും 15 മീറ്റർ വീതിയുമുണ്ട്. പടികൾ ഇറങ്ങി ചെല്ലുന്നത് കിണറിലേക്കാണ്. മുകളിലെ പ്രാവുകളുടെ കുറുകലും കേട്ട് താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ നമ്മെ കാത്തിരിക്കുന്നത് വവ്വാലുകളുടെ ഒരുകൂട്ടം തന്നെയാണ്.

 ദീർഘചതുരാകൃതിയിൽ 3 നിലകളിലായുള്ള ഈ അൽഭുത ലോകത്തിൻറെ പിന്നിലുള്ള കഥകൾ അമ്പരപ്പിക്കുന്നതാണ്.

ഡൽഹിയിലെ പേടിപ്പെടുത്തുന്ന, പ്രേതശല്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 10 സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. സൂര്യൻ അസ്തമിക്കുന്നതോടെ കൂടി ഇവിടേക്കുള്ള പ്രവേശനം നിർത്തിവയ്ക്കുന്നു.കാരണം രാത്രിയായി കഴിഞ്ഞാൽ കിണറിൽ നിന്ന് വവ്വാലുകൾ അസാധാരണ ശബ്ദം പുറപ്പെടുവിക്കുന്നുവെന്നും എന്തൊക്കെയോ വീഴുന്ന ശബ്ദം തുടർച്ചയായി കേൾക്കാറുണ്ട് എന്നും പ്രദേശവാസികൾ പറയുന്നു.

 മാത്രമല്ല മുമ്പ് വെള്ളം ഉണ്ടായിരുന്ന സമയത്ത് പെട്ടെന്നൊരുദിവസം വെള്ളത്തിന്റെ നിറം കറുപ്പായി മാറുകയും  അന്നുമുതൽ ബാവോലി കാണാനായി വരുന്നവരിൽ വെള്ളത്തിലേക്ക് സ്വയം എടുത്തു ചാടി ആത്മഹത്യ ചെയ്യാനുള്ള ഒരു തരം ആസക്തി ഉണ്ടായിരുന്നു പോലും.

കറുത്ത വെള്ളത്തിന് പൈശാചിക ശക്തി ഉണ്ടായിരുന്നു എന്നും ആ ശക്തിയാണ്  സന്ദർശകരെ തന്നിലേക്ക് ആകർഷിപ്പിച്ച് ഇത്തരമൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് എന്നും പ്രചരിക്കുന്ന കഥകളിൽ പെടുന്നു...

നീന്തൽ അറിയുന്നവനും അല്ലാത്തവരും ഈ കാലാപാനി യിലേക്ക് പൈശാചികശക്തി വഴങ്ങി എടുത്തുചാടി.അങ്ങിനെ മരണമടഞ്ഞ അനവധി പേരുടെ പ്രേതാത്മാക്കൾ ഇവിടെ ഇപ്പോഴും അലഞ്ഞു തിരിയുന്നു എന്ന് വിശ്വസിക്കുന്നു.

ശാന്തി കിട്ടാതെ അലയുന്ന ആത്മാക്കളെ തളക്കാനും  ദുർമന്ത്രവാദികൾ  ഈ ബാവോലി യെ ഉപയോഗിച്ചു.

 20 വർഷം മുന്നേ വരെ വെള്ളം ഉണ്ടായിരുന്നുവെന്നും  മെട്രോയുടെ പണി തുടങ്ങിയതിനുശേഷം ആണ്  ഉറവ വറ്റിയത് എന്നും ഞാൻ വായിച്ചറിഞ്ഞു...

അഗ്രസേനന്റെ ബാവോലിയെ കൂടുതൽ ജനകീയമാക്കുന്നതിനായി ബവിടെ വെച്ച് ലൈറ്റ്&മ്യൂസിക് ഷോ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.

No comments:

Post a Comment

അഗ്രസേൻകി_ബാവോലിയിലേക്ക്..Agrasen ki baoli

Delhi_Diaries അഗ്രസേൻകി_ബാവോലി Agrasen_Ki_Baoli ഇന്ത്യയുടെ ഹൃദയമാണ് ഡൽഹി .ഡൽഹിയുടെ ഹൃദയം കൊണാട്ട് പ്ലേസും.ഒരു യൂറോപ്യൻ നഗരത്തിൽ എത്തിയ...